ഇടുക്കി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിന്നും തൊഴിലാളികൾ ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് കടക്കുന്നത് തടയാൻ കർശനപരിശോധനയുമായി പൊലീസ്. ഇടുക്കിയിലെ കുമളി അതിർത്തിയിലാണ് പൊലീസും റവന്യൂ വകുപ്പും ചേർന്ന് പരിശോധന നടത്തുന്നത്. പരിശോധന ഇല്ലാതെ ഇന്നലെ തൊഴിലാളികൾ അതിർത്തി കടന്നതിനെ തുടർന്നാണ് കർശന ചെക്കിംഗ് ആരംഭിച്ചത്.
കുമളി ചെക്ക്പോസ്റ്റിലൂടെയാണ് നൂറിലധികം സത്രീ തൊഴിലാളികൾ ഇന്നലെ രാവിലെ കേരളത്തിലേക്കെത്തിയത്. ഏലത്തോട്ടങ്ങളിൽ പണിക്ക് പോകുന്ന തൊഴിലാളികളാണിവർ. തൊഴിലാളികൾ കൂട്ടമായെത്തിയതോടെ പോലീസിന് പരിശോധന നടത്താതെ ഇവരെ കടത്തി വിടേണ്ടി വന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടത്തി വിടരുതെന്നാണ് നിയമം. എന്നാൽ ഭൂരിഭാഗം പേരുടെയും കയ്യിൽ ഇതുണ്ടായിരുന്നില്ല. ഇരു സംസ്ഥാനങ്ങളും തമ്മിൽ സംഘർഷത്തിനു കാരണമാകുമെന്നതിനാൽ ഇന്നലെ പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടില്ല.

















