ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എഴുപത് വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് മോദി സർക്കാർ വിറ്റുതുലക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ വിമർശിച്ചു.
ഇന്ത്യയുടെ കിരീടത്തിലെ രത്നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നത്. പാവപ്പെട്ടവർക്ക് പ്രയോജനപ്പെടേണ്ട എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ്. ഇത് വലിയ ദുരന്തമാണ്.
സ്വകാര്യവത്കരണത്തിന് കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്റെ നയം രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും രാഹുല്‍ വിമര്‍ശിച്ചു.
എഴുപത് വര്‍ഷം രാജ്യത്ത് ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞത്. എന്നാല്‍ 70 വര്‍ഷത്തെ സമ്പത്താണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കുന്നതാണ് നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ധനമന്ത്രി പദ്ധതി അനാവരണം ചെയ്തത്. പൂര്‍ണമായും വിറ്റഴിക്കുകയല്ലെന്നും ഉഉസ്ഥാവകാശം കേന്ദ്രത്തിന് തന്നെയാണെന്നും ഉദ്ഘാടന വേളയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു. നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന്റെ ഭാഗമായി റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക.
















