ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ പടനീക്കവുമായി നാലു മന്ത്രിമാരും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമടങ്ങുന്ന സംഘം രംഗത്ത്. ഇവര്‍ ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ നീക്കം തുടങ്ങി. 2017ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അമരീന്ദറിെന്റ കീഴില്‍ അവ പാലിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നുമാണ് സംഘത്തിെന്റ വിമര്‍ശനം.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം. അല്ലാത്തപക്ഷം കോണ്‍ഗ്രസ് രക്ഷപ്പെടില്ല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ല. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി തൃപ്ത് സിംഗ് ബജ്‌വ പറഞ്ഞു.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഹൈകമാന്‍ഡിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. നിരവധി എം.എല്‍.എമാര്‍ ഒത്തുകൂടിയ ശേഷമാണ് ഹൈകമാന്‍ഡിനെ കാണാന്‍ ധാരണയായത്.
അതേസമയം, മുഖ്യമന്ത്രിയാകാനുള്ള നവ്ജ്യോത് സിംഗ് സിദ്ദുവിന്‍റെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് അമരീന്ദര്‍ ആരോപിക്കുന്നത്.
















