തിരുവനന്തപുരം: മാപ്പിള കലാപത്തെ പിന്തുണച്ചുകൊണ്ടുള്ള എ വിജയരാഘവന്റെ പ്രസ്താവന കേരളത്തിലെ താലിബാനികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. തുടര്‍ഭരണം ലഭിക്കാന്‍ പിന്തുണ നല്‍കിയ എസ്.ഡി.പി.ഐ, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ ശക്തികളോട് ഉദ്ദിഷ്ഠകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന നിലയ്ക്കാണിതെന്നും അദ്ദേഹം ആരോപിച്ചു.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കടന്നുകൂടിയ വ്യാജന്മാരെയാണ് ഒഴിവാക്കണം. ഐസിഎച്ച് ആറിന്റെ തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കണം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ധീരദേശാഭിമാനിയായിരുന്ന ഭഗത് സിംഗിനെ കലാപകാരിയോടുപമിച്ചതിന് സ്പീക്കര്‍ എം.ബി.രാജേഷ് ഭാരതജനതയോട് മാപ്പുപറയണം. നാളെ ഭീകരന്മാരായ അജ്മല്‍ കസബിനെയും അഫ്‌സല്‍ ഗുരുവിനെയും യാക്കൂബ്‌മേമനെയും ഭഗത് സിംഗിനോടുപമിക്കാന്‍ തയ്യാറാകുമോയെന്നും കൃ-ഷ്ണദാസ് ചോദിച്ചു. സിപിഎമ്മിന്റെ സൈബര്‍പോരാളിക്കിതൊക്കെയാകാം. പക്ഷേ അദ്ദേഹമിപ്പോള്‍ നിയമസഭാ സ്പീക്കര്‍ ആണ്. അതിന്റെ നിലവാരം കാത്തുസൂക്ഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറയുന്നതും മാപ്പിളകലാപം സ്വാതന്ത്ര്യസമരമാണെന്നാണ്. മഹാത്മജിയെയും ഡോ. അംബേദ്ക്കറെയും ആനിബസന്റിനെയും കെ.പി. കേശവമേനോനെയും, കെ. കേളപ്പനെയും, ആദ്യ കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ. മാധവമേനോനെയും തള്ളിപ്പറയുകയാണ് ഇതിലൂടെ. ഇവരുടെയൊക്കെ അഭിപ്രായത്തിനെതിരാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രസ്താവന. കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും നിലപാടുകള്‍ കേരളത്തില്‍ താലിബാനിസത്തെ വളര്‍ത്താന്‍ സഹായിക്കുന്നതാണ്. കേരളത്തിലെ ഹിന്ദുജനതയെ ആശങ്കയിലേക്ക് തള്ളിവിടുന്നതാണിത്. അധികാരത്തിനുവേണ്ടി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് പിന്തിരിയണമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

















