തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പോലീസിന്റെ അന്തിമ റിപ്പോർട്ട്. തീപിടിത്തത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി.
ഫാൻ മോട്ടോർ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണ് തീപിടിത്തം ഉണ്ടായത്. ശുചീകരണ തൊഴിലാളികളുടെ അശ്രദ്ധയും തീപിടുത്തത്തിന് കാരണമായി. കത്തിപ്പോയത് അപ്രധാന കടലാസുകളാണ്. ഓഫീസില്‍ മദ്യക്കുപ്പി കണ്ടെത്തിയതില്‍ വകുപ്പ് തല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഉണ്ടായിട്ട് ഒരു വർഷം തികയാനിരിക്കെയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് കേസ് വലിയ വിവാദമായിരിക്കുന്ന സമയത്താണ് സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ രണ്ട് തലങ്ങളിലായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിദഗ്ദ സമിതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്വേഷണ സംഘവും പോലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷിച്ചത്.
വിദഗ്ദ സമിതി റിപ്പോർട്ട് നേരത്തെ തന്നെ സമർപ്പിച്ചതാണ്. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് അന്ന് വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു അട്ടിമറിയും ഇല്ല എന്നാണ് പോലീസ് റിപ്പോർട്ടിലും വ്യക്തമാക്കുന്നത്.

















