തിരുവനന്തപുരം: സാമ്രാജ്യത്വ വിരുദ്ധ ശക്തികള്‍ക്കെതിരെ ഉജ്വല പോരാട്ടം നയിച്ച ജ്വലിക്കുന്ന ഏടാണ് മലബാര്‍ വിപ്ലവംമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത്തരം ഒരു സ്വാതന്ത്ര്യസമര പോരാട്ടത്തെ വര്‍ഗീയവത്കരിച്ചു കാണാന്‍ സംഘപരിവാര്‍ ശക്തികള്‍ക്കേ കഴിയൂ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരടക്കം മലബാര്‍ വിപ്ലവത്തില്‍ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍നിന്നും ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം നീചവും നികൃഷ്ടവും വഞ്ചനാപരവുമാണെന്നും സുധാകരൻ പറഞ്ഞു.
ധീരനും സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായ കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദുവിരുദ്ധനായ വര്‍ഗീയവാദിയായും മഹത്തരമായ വിപ്ലവമുന്നേറ്റത്തെ വര്‍ഗീയ കലാപമായും ചിത്രീകരിക്കാനുള്ള നീക്കത്തതിന്റെ ഭാഗമാണിതിനു പിന്നില്‍. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചരിത്ര ഗവേഷണ കൗണ്‍സില്‍ ഇത്തരം ഒരു വിചിത്ര നിര്‍ദേശം മുന്നോട്ടുവച്ചതെന്നും സുധാകരന്‍ പറഞ്ഞു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വര്‍ഗീയവാദി ആയിരുന്നില്ലെന്ന് ചരിത്ര ഗവേഷകര്‍ സാക്ഷിപ്പെടുത്തുന്നുണ്ട്. ഒറ്റുകാരെയും ബ്രിട്ടിഷുകാരെയും സമരക്കാര്‍ വകവരുത്തിയിട്ടുണ്ട്. അന്ന് ബ്രിട്ടിഷുകാരുടെ ഒറ്റുകാരായ സംഘപരിവാര്‍ ശക്തികള്‍ക്ക് അതുകൊണ്ടാണ് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്.
കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലുള്ള വിവാദം മതസ്പര്‍ധയും ചേരിതിരിവും ലക്ഷ്യവച്ചുള്ളതാണ്. വിദ്വേഷ പ്രചാരണങ്ങളിലൂടെ മതവിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചക്കൂട്ടി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ഹീനതന്ത്രമാണ് സംഘപരിവാര്‍ നടത്തുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രമാണ് വീണ്ടും ബിജെപി പയറ്റുന്നത്. കാലാകാലങ്ങളിലായി സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ നടത്തിവരുന്ന വര്‍ഗീയ അജൻഡയുടെ ഭാഗമാണ് മലബാര്‍ സമരത്തെ ഇകഴ്ത്തിക്കെട്ടാനുള്ള ശ്രമമെന്നും സുധാകരൻ പറഞ്ഞു

















