വാഷിംഗ്ടൺ ഡിസി: ഫൈസർ ബയോൺടെക് കോവിഡ് വാക്സിന് പൂർണാനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. 16 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാനാണ് അനുമതി. 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിനും വാക്സിൻ നൽകാം.
ഡിസംബർ മുതൽ അടിയന്തിര ഉപയോഗത്തിനായി വാക്സിൻ അംഗീകരിച്ചിരുന്നു. ഇതിനെ ആസ്പദമാക്കി അമേരിക്കയിലെ 204 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിൻ നൽകിയിരുന്നു. ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വാക്സിൻ സ്വീകരിക്കാത്ത അമേരിക്കൻ പൗരന്മാരെ ബോധ്യപ്പെടുത്തുമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്ത് പൂർണാനുമതി ലഭിക്കുന്ന ആദ്യ കോവിഡ് വാക്സിനാണ് ഫൈസർ. വാക്സിനെടുത്ത 44,000 പേരെ വിലയിരുത്തിയശേഷമാണ് അനുമതി. മൂന്നാഴ്ചത്തെ ഇടവേളയിൽ വാക്സിനെടുക്കുന്നത് 91 ശതമാനവും ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.
















