കാബൂള്‍: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ജി7 രാജ്യങ്ങൾ ഇന്ന് യോഗം ചേരും. സേനാ പിന്മാറ്റം ആഗസ്റ്റ് 31ന് അപ്പുറത്തേക്കു നീട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.താലിബാന്റെ അന്ത്യശാസനത്തിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട് . ഓഗസ്റ്റ് 31 ന് അകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്റെ അന്ത്യശാസനം. എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന അന്ത്യശാസനം നടപ്പാക്കുക എളുപ്പമല്ലെന്ന് അമേരിക്ക പറയുന്നു.അമേരിക്കൻ സേനാംഗങ്ങൾ അഫഗാനിൽ തുടർന്നാൽ കാബൂൾ വിമാനത്താവളത്തിൽ ഇനിയും സംഘർഷങ്ങളുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി.
അഫ്ഗാനില്‍നിന്നുള്ള രക്ഷാദൗത്യം സുഗമമാക്കുന്നതിനും താലിബാനോടുള്ള നിലപാട് രൂപീകരിക്കുന്നതിനുമാണ് ജി7 രാജ്യങ്ങൾ ഇന്ന് യോഗം വിളിച്ചത്. വെര്‍ച്വലായാണ് യോഗം നടക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് നിലവില്‍ ജി-7 ഗ്രൂപ്പിന്‍റെ അധ്യക്ഷന്‍. അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, കാനഡ എന്നിവരാണ് മറ്റു അംഗരാജ്യങ്ങള്‍. അഫ്ഗാനിൽ നിന്ന് പുറത്തുകടക്കാൻ താത്പര്യമുള്ള എല്ലാവരും രക്ഷപ്പെടുന്നത് വരെ യുഎസ് സൈന്യം അഫ്ഗാനില്‍ തുടരാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെടും എന്നാണ് സൂചന.
















