ന്യൂഡൽഹി: അഫ്‍ഗാന്‍ വിഷയത്തില്‍ നാളെ സര്‍വ്വകക്ഷിയോഗം നടത്താന്‍ കേന്ദ്ര സർക്കാർ തീരുമാനം. നിലവിലെ സാഹചര്യം വിശദീകരിക്കുമെന്നും എല്ലാ കക്ഷികളെയും വിവരം അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇനിയും ഇന്ത്യക്കാർ അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് സർവകക്ഷിയോഗം.
അഫ്‍ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. 146 ഇന്ത്യക്കാരെ കൂടി മടക്കി എത്തിച്ചു. വ്യോമസേന വിമാനത്തിൽ കൂടുതൽ പേർ മടങ്ങിയെത്തും. 46 അഫ്ഗാൻ പൗരൻമാരും ഈ വിമാനത്തിലുണ്ട്. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിക്കുകയായിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റ ഉടൻ മടങ്ങാനാകുമെന്ന് ബന്ധുക്കളെ അറിയിച്ചു.
അമേരിക്ക ഈ മാസം അവസാനത്തോടെ രക്ഷാദൗത്യം അവസാനിപ്പിക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. അതിനു മുമ്പ് ഇന്ത്യൻ പൗരൻമാരെയും സഹായം തേടുന്ന അഫ്ഗാൻ പൗരൻമാരെയും കൊണ്ടുവരാനാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ ശ്രമം.
















