കൊച്ചി: തൃക്കാക്കരയിൽ ഓണക്കോടിയൊടൊപ്പം മുഴുവൻ കൗൺസിലർമാർക്കും ചെയർപേഴ്‌സൺ പണം നൽകിയ സംഭവത്തില്‍ പണം നൽകിയെന്ന് തെളിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി പി ടി തോമസ് എംഎൽഎ. പ്രശ്ന പരിഹാരത്തിനോ, ഒത്തു തീർപ്പുണ്ടാക്കാനോ താൻ ഇടപെട്ടിട്ടില്ല. ക്രിമിനൽ സ്വഭാവമുള്ള കേസ് നിയമപരമായി രീതിയിൽ മുന്നോട്ട് പോകുമെന്നും പി ടി തോമസ് എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
സംഭവം വിവാദമായത്തോടെയാണ് ചെയർപേഴ്സന്‍റെ നടപടിയില്‍ കോൺഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. പണമടങ്ങിയ കവർ ചെയർപേഴ്സന് തിരിച്ചു നൽകുന്നതിന്‍റെ കൂടുതൽ തെളിവുകളും ഇതിനിടെ പുറത്ത് വന്നു. അതേസമയം, പണം ആർക്കും നൽകിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നല്‍ക്കുന്ന ചെയർപേഴ്സൻ അജിത തങ്കപ്പൻ, തെളിവായി കൗൺസിലർമാർ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറിൽ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു.

















