തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടികയിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കും. ഒറ്റപ്പേരിലേക്ക് പട്ടിക ചുരുക്കാനാണ് സംസ്ഥാന നേതാക്കളുടെ ശ്രമം.ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക കെ.പി.സി.സി ഹൈക്കമാന്‍ഡിന് സമർപ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. യുവാക്കൾക്ക് കൂടുതൽ പരിഗണന വേണമെന്ന നിർദേശം ഹൈക്കമാന്‍ഡിനുണ്ട്. സ്ത്രീ സാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്താൽ പട്ടികയിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
ഡിസിസി പുന:സംഘടനയിൽ ഇന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും തമ്മിലാണ് അന്തിമ കൂടിയാലോചന. ചില ജില്ലകളിലെ പാനലിൽ നിന്ന് ഒറ്റപ്പേരിലെത്തിക്കുകയാണ് ഈ ചർച്ചയുടെ ലക്ഷ്യം. തിരുവനന്തപുരത്തെ പാനലിൽ ശശി തരൂരിൻറെ നോമിനി ജിഎസ് ബാബു, കെഎസ് ശബരീനാഥൻ, ആർവി രാജേഷ്, പാലോട് രവി എന്നീപേരുകളാണുള്ളത്. കൊല്ലത്ത് രാജേന്ദ്രപ്രസാദ്, എംഎം നസീർ, കോട്ടയത്ത് നാട്ടകം സുരേഷ്, ജോമോൻ ഐക്കര, യൂജിൻ തോമസ്, മലപ്പുറത്ത് വിഎസ് ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവരാണുള്ളത്.

















