ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 150 ഇന്ത്യൻ പൗരന്മാരെ താലിബാൻ സംഘം തടഞ്ഞുവെച്ചെന്ന് റിപ്പോർട്ട്. കാബൂളിലെ ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന്‍റെ കവാടത്തിന് പുറത്തു നിന്നാണ് ഇന്ത്യക്കാരെ താലിബാൻ പിടിച്ചു കൊണ്ടു പോയതെന്നാണ് ലഭ്യമാകുന്ന വിവരം. അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ സി-130 ജെ യാത്രാ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ഇന്ത്യയിലേക്ക് മടങ്ങാൻ വാഹനങ്ങളിൽ എത്തിയവരാണിവർ. എന്നാൽ, ഇന്ത്യക്കാരെ താലിബാൻ പിടികൂടിയെന്ന വാർത്ത കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, വ്യോമസേനയുടെ സി-130 ജെ യാത്രാ വിമാനം 85 പൗരന്മാരുമായി തജിക്കിസ്താനത്തിലെ ദുഷാൻമ്പെ വ്യോമതാവളത്തിൽ സുരക്ഷിതമായി ഇറങ്ങി. ഇവിടെ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ആളുകളെ ഡൽഹിയിൽ എത്തിക്കും. ഔദ്യോഗിക കണക്ക് പ്രകാരം 400 ഇന്ത്യൻ പൗരന്മാണ് അഫ്ഗാനിലുള്ളത്.
















