ന്യൂഡല്‍ഹി: 2024-ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിട്ടയോടെ ആസൂത്രണം ചെയ്യാനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മറ്റൊരു വഴിയും പ്രതിപക്ഷത്തിന്റെ മുന്നിലില്ലെന്നും സോണിയ വ്യക്തമാക്കി.
പാർലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം. പാർടി താല്പര്യത്തിന് അതീതമായി രാജ്യതാൽപ്പര്യത്തിന് പ്രാധാന്യം നൽകിയുള്ള നീക്കങ്ങളുണ്ടാകണം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനയുടെ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന ഒരു സര്‍ക്കാരിനെ രാജ്യത്തിന് നല്‍കാനുള്ള ലക്ഷ്യത്തോടെ ഏകമനസ്സായി ആസൂത്രണം നടത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടികളോട് അവര്‍ ആവശ്യപ്പെട്ടു.
സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. കോവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് ഇന്നത്തേത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തൽ, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉൾപ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്കുള്ള തീരുമാനം യോഗത്തിലുണ്ടാകും. നേരത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളന സമയത്ത് മുമ്പൊന്നുമില്ലാത്ത രീതിയിൽ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു. ഈ രീതിയിൽ മുന്നോട്ട് പോകണമെന്നാണ് സോണിയയുടെ നിർദ്ദേശം. മമത ബാനര്‍ജി, ശരത് പവാര്‍, എം.കെ.സ്റ്റാലിൻ, ഉദ്ദവ് താക്കറെ, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങി നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സമാജ് വാദി പാര്‍ട്ടി, എ.എ.പി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല.
















