ന്യൂഡൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ മൂന്നാംഘട്ട പോരാട്ടത്തിനൊരുങ്ങി കർഷക സംഘടനകൾ. തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു. കർഷകസമരം ഒൻപത് മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സംയുക്ത കിസാൻ മോർച്ച അഖിലേന്ത്യാ കൺവൻഷൻ വിളിച്ചത്.
കൺവെൻഷനിലേക്ക് തൊഴിലാളി സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. പ്രതിഷേധമറിയിക്കാൻ പാർലമെന്റിലേക്ക് അടക്കം മാർച്ച് സംഘടിപ്പിച്ചെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതിൽ സർക്കാരിൽ നിന്നും യതൊരു നീക്കം ഇതുവരെയില്ല. ഈ സാഹചര്യത്തിലാണ് തുടർസമരപരിപാടികൾ ശക്തമാക്കുന്നത്. ഡൽഹി അതിർത്തികളിൽ സമരം തുടരുമ്പോഴും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന മറ്റ് സമരരീതികളിലേക്ക് കടക്കേണ്ടതാണ് സാഹചര്യം.
അതേസമയം, യുപി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം അഞ്ചിന് കിസാൻ മഹാപഞ്ചായത്ത് നടത്തും. ബിജെപിക്കെതിരെ കർഷകസംഘടനകൾ നടത്തുന്ന മിഷൻ യുപിയുടെ ഭാഗമായിട്ടാണ് മഹാപഞ്ചായത്ത് നടത്തുന്നത്. മുസഫർനഗറിൽ സെപ്തംബർ അഞ്ചിന് നടത്തുന്ന മഹാപഞ്ചായത്തിൽ രാകേഷ് ടിക്കായ്ത്ത്, ദർശൻപാൽ അടക്കം കർഷകനേതാക്കൾ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്ന് കർഷകസംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
















