ലാഹോർ: പഞ്ചാബ് മുന്‍ ഡിജിപി സുമേദ് സിങ് സായ്‌നി അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അറസ്റ്റ്. കേസില്‍ കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന് മുന്‍കൂര്‍ജാമ്യം ലഭിച്ചിരുന്നു എങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വത്ത് സമ്പാദന കേസിന് പുറമെ കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ സായ്‌നി പ്രതിയാണ്. ബുധനാഴ്ച രാത്രിയോടെ വിജിലന്‍സ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ പഴയ ഒരു കേസുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അനധികൃത കോളനി നിര്‍മാണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച സായ്‌നിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി അദ്ദേഹം കോടതിയെ സമീപിച്ചപ്പോള്‍ അന്വേഷണവുമായി സഹകരിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം.
സായ്‌നി ഡിജിപി ആയിരുന്ന സമയത്ത് നടന്ന കോട്കപുര വെടിവെപ്പ് കേസിലും പഞ്ചാബ്ഹരിയാന ഹൈക്കോടതിയില്‍ നിന്ന് അദ്ദേഹം മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ അമരീന്ദര്‍ സിങ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഈ കേസില്‍ സായ്‌നിക്ക് പുറമെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടക്കുന്നതായാണ് സൂചന.
ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. കേസില്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
















