കാബൂള്‍: കിഴക്കൻ നഗരമായ ജലാലാബാദിൽ അഫ്ഗാൻ ദേശീയ പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. അഫ്ഗാന്റെ ദേശീയ പതാക അഴിച്ച് താലിബാൻ ബാനർ ഉയർത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. അഷ്‌റഫ് ഗനി സര്‍ക്കാര്‍ നിലംപതിച്ചതിന് പിന്നാലെ താലിബാനുനേരെ ഉണ്ടാകുന്ന ആദ്യ പ്രതിഷേധമാണിത്.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്ന് 115 കിലോമീറ്റര്‍ അകലെയാണ് ജലാലാബാദ്. നഗരത്തിലെ പഷ്തൂണിസ്താന്‍ സ്‌ക്വയറിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ അഫ്ഗാന്‍ പതാക സ്ഥാപിച്ചിരുന്ന സ്ഥലത്ത് ഉയര്‍ത്തിയ താലിബാന്റെ പതാകയാണ് പ്രദേശവാസികള്‍ നീക്കിയതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ജനക്കൂട്ടത്തിനു നേരെ പലതവണ വെടിവെപ്പ് നടത്തുന്നതിന്റെയും ജനങ്ങള്‍ ചിതറി ഓടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പതാകയേന്തി ജനങ്ങള്‍ താലിബാനെതിരെ പ്രതിഷേധിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജനക്കൂട്ടത്തിനുനേരെ വെടിവെപ്പ് നടത്തിയത് തങ്ങളുടെ ആളുകളാണോ എന്നകാര്യം താലിബാന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ, അഫ്ഗാൻ മുൻ പ്രസിഡണ്ട് ഹാമിദ് കർസായി താലിബാന്റെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. താലിബാൻ അധികാരം ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് കർസായി ഹഖാനി നെറ്റ്‌വർക്കിലെ മുതിർന്ന നേതാവ് അനസ് ഹഖാനിയുമായി ചർച്ച നടത്തിയത്. സർക്കാറിന്റെ സമാധാന ദൂതനായി അബദുല്ല അബ്ദുല്ലയും ചർച്ചയിൽ പങ്കെടുത്തു.
















