കാബൂൾ: അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹാമിദ് കർസായിയും താലിബാന്റെ മുതിർന്ന നേതാക്കളിലൊരാളായ അനസ് ഹഖാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. താലിബാൻ അധികാരം ഏറ്റെടുക്കാനിരിക്കെയാണ് മുൻ സർക്കാറിന്റെ സമാധാന ദൂതുമായി കർസായി താലിബാനെ സന്ദർശിക്കുന്നതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കർസായിയോടൊപ്പം പഴയ സർക്കാറിന്റെ പ്രതിനിധിയായ അബ്ദുല്ലാ അബ്ദുല്ലയും യോഗത്തിൽ പങ്കെടുത്തു.
ഹഖാനി നെറ്റ്വർക്ക് താലിബാനിലെ പ്രധാനപ്പെട്ട വിഭാഗമാണ്. പാകിസ്താൻ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ അഫ്ഗാനിലേക്ക് കഴിഞ്ഞ കാലങ്ങളിൽ രൂക്ഷമായ ആക്രമണങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. താലിബാനിലേക്കുള്ള അധികാരക്കൈമാറ്റം സമാധാനപരമാക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി മുൻ പ്രസിഡൻറ് ഹാമിദ് കർസായി, എച്ച്സിഎൻആർ ചെയർമാൻ അബ്ദുല്ല അബ്ദുല്ല, ഹെസ് ബേ ഇസ്ലാമി നേതാവ് ഗുൽബുദ്ദീൻ ഹെക്മതിയാർ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം രൂപീകരിച്ചിരുന്നു.
















