ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ സംവിധായിക സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുഹാന ബിഗ് സ്ക്രീനിലേക്ക് എത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. ലണ്ടനില്‍ നടന്ന ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ നാടകാവതരണത്തിലും ‘ദി ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്ന ഹ്രസ്വചിത്രത്തിലും സുഹാന ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇതാദ്യമായി ബോളിവുഡ് സ്ക്രീനിലേക്ക് താരം ചുവട് വെക്കുന്നു എന്ന വാർത്ത പുറത്തു വരുന്നതോടെ താരപുത്രിയുടെ എൻട്രിക്കായി കാത്തിരിക്കുകയാണ് ആരാധകർ.
സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാവും എത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. ‘ആര്‍ച്ചി’ എന്ന ലോകമെമ്പാടും ആരാധകരുള്ള കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതാവും ഈ ചിത്രം. ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയായിരിക്കും സുഹാന അവതരിപ്പിക്കുക.
സുഹൃത്തുക്കളായ ഒരുകൂട്ടം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രമായിരിക്കും ഇത്. അതേസമയം, അന്തിമ കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.
















