കാബൂൾ: അഫ്ഗാനിസ്താനിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. സർക്കാർ ജീവനക്കാർ നാളെ മുതൽ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് താലിബാൻ നിർദേശിച്ചു.അഫ്ഗാന്റെ ഭരണം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്റെ പുതിയ നടപടി.
“എല്ലാവര്‍ക്കുമായി തങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണം”, താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ ആരംഭിച്ചു. ഇതിന്‍റെ ആദ്യപടിയായി കാബൂൾ എംബസി അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അൽപസമയം മുമ്പാണ് കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 120 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് 10 പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയർന്നത്.
















