കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യ അടിയന്തര ഒഴിപ്പിക്കല്‍ ആരംഭിച്ചു. സി-17 വ്യോമസേന വിമാനം കാബൂളില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. 46 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉള്ളത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
കാബൂളിലെ ഇന്ത്യൻ എംബസിയിൽ ജീവനക്കാരും അർദ്ധ സൈനികരും ഉൾപ്പടെ ഇരുനൂറിലേറെ പേരെ കൂടി ഒഴിപ്പിക്കാനുണ്ട്. ഇന്നലെ എയർ ഇന്ത്യാ വിമാനം കാബൂളിലേക്ക് പോയെങ്കിലും അഫ്ഗാൻ വ്യോമാതിർത്തി അടച്ചതിനാൽ ശ്രമം ഉപേക്ഷിച്ചു. ഒഴിപ്പിക്കൽ നടപടികൾക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക സെൽ തുടങ്ങി. അഫ്ഗാനിൽ നിന്നുള്ള പൗരന്മാരുടെ അപേക്ഷയും പരിഗണിക്കും.
അതേസമയം അഫ്ഗാനിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കാബൂളില്‍ നിന്ന് മറ്റു യാത്രാ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയാല്‍ അഫ്ഗാനിലെ ഹിന്ദു, സിഖ് മതവിശ്വാസികള്‍ക്കു മുന്‍ഗണന നല്‍കും. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
















