വാഷിംഗ്ടൺ ഡിസി: അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സേനയെ പിന്‍വലിച്ച നടപടിയെ ന്യായീകരിച്ച് പ്രസിഡന്റ് ജോ ബൈഡന്. തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അഫ്ഗാന് ഭരണകൂടത്തിന്റെ പെട്ടന്നുള്ള പതനമാണ് ലോകം കണ്ടതെന്നും ബൈഡന് പറഞ്ഞു. അഫ്ഗാന് വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജോ ബൈഡനെത്തിയത്‍.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച് അമേരിക്കൻ സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ തകർച്ച നേരിടാൻ വേണ്ടിയുള്ള പദ്ധതികൾ അമേരിക്ക നടപ്പിലാക്കി വന്നു. എന്നാൽ, അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും ചർച്ച ചെയ്യാനും സാധിച്ചില്ല. കഴിഞ്ഞകാലത്തെ തെറ്റുകൾ അമേരിക്ക ആവർത്തിക്കില്ല. ഇനിയും അമേരിക്കൻ പൗരന്മാർക്ക് ജീവൻ നഷ്ടമാകരുത്. തീവ്രവാദത്തിനെതിരായ ചെറുത്ത് നിൽപ്പായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വർഷങ്ങളോളമായി താൻ വാദിക്കുന്നുണ്ടെന്നും ഇന്ന് തീവ്രവാദം അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
















