കാബൂള്‍: അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കാബൂളിലെത്തി. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് കാബൂളിലെത്തിയത്. ഇരുന്നൂറിലധികം പേരെയാണ് ഇന്ത്യയിലെത്തിക്കാനുള്ളത്. വിമാനം പുറപ്പെടുന്ന സമയം സംബന്ധിച്ച് തീരുമാനമായിട്ടില്ല. വിദേശകാര്യ മന്ത്രാലയം ജീവനക്കാരും പാരാമിലിറ്ററി സേനയും ഉള്‍പ്പടെയുള്ളവരാണ് രാജ്യം വിടാനായി കാത്തുകിടക്കുന്നത്.
സംഘര്‍ഷഭരിതമായ കാബുള്‍ വിമാനത്താവളത്തിലാണ് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്കായുള്ള എയര്‍ക്രാഫ്റ്റുള്ളത്. എന്നാല്‍ തലസ്ഥാന നഗരിയില്‍ താലിബാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എംബസിയില്‍ കുടുങ്ങി കിടക്കുന്നവരില്‍ നൂറോളം ഐ.ടി.ബി.പി സേന അംഗങ്ങളുള്ളതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
കാബൂളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കാബിനറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ വഷളാകുന്നത് മനസ്സിലായിട്ടും കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളില്‍ ഇവരെ തിരികെ കൊണ്ടുവരുന്നതിനുളള നടപടികള്‍ സ്വീകരിക്കാത്തത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാന്‍ വിടാനുള്ളവരെല്ലാം ഒഴുകിയെത്തിയതോടെ കാബൂള്‍ വിമാനത്താവളം ജനനിബിഡമായിരുന്നു. അതിനിടെയാണ് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയവുമായി കാബിനറ്റ് സെക്രട്ടറി കൂടിക്കാഴ്ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാന്‍ വ്യോമപാത അടച്ചതോടെ യുഎസില്‍ നിന്ന് വരുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരും. എഐ-126(ചിക്കാഗോ-ന്യൂഡല്‍ഹി) എഐ-174 (സാന്‍ഫ്രാന്‍സിസ്‌കോ- ന്യൂഡല്‍ഹി) എന്നീ വിമാനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി ഒരു ഗള്‍ഫ് രാജ്യത്തേക്ക് വഴി തിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.
















