താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഒമനിലുണ്ടെന്ന് റിപ്പോർട്ടുകൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോഹിബും അദ്ദേഹത്തിനൊപ്പം ഒമനിലുണ്ട്. ഇരുവരും അമേരിക്കയിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കാബൂളില്‍ നിന്ന് താജിക്കിസ്താനിലേക്കാണ് അഷ്‌റഫ് ഗനി പോയതെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ അഷ്‌റഫ് ഗനിക്ക് താജിക്കിസ്താനിൽ ഇറങ്ങാൻ അനുമതി ലഭിച്ചില്ലെന്നാണ് വിവരം.ഇതിനിടെ രാജ്യം വിട്ടതിൽ വിശദീകരണവുമായി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രംഗത്ത് വന്നിരുന്നു. അഫ്ഗാനിസ്താൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്റഫ് ഗനി വ്യക്തമാക്കി.
എനിക്ക് മുന്നിൽ രണ്ട് മാർഗങ്ങളെ ഉണ്ടായിരുന്നു. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ഞാൻ സംരക്ഷിച്ചുപോന്ന എന്റെ രാജ്യം വിടുക. താലിബാൻ എത്തിയത് കാബൂളിനെ അക്രമിക്കാനാണ്, കാബൂളിൽ ജനങ്ങളെ അക്രമിക്കാനാണ്. ആ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഞാൻ പോകുന്നതായിരുന്നു നല്ലത്.
ഇന്നലെ രാവിലെയോടെ താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.
















