കാബൂള്‍: ഇടക്കാല അഫ്ഗാന്‍ സര്‍ക്കാരിനെ മുന്‍ ആഭ്യന്തരമന്ത്രി അലി അഹമ്മദ് ജലാലി നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് നയതന്ത്ര വൃത്തങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ജലാലി അഫ്ഗാനിസ്ഥാന്‍റെ പുതിയ ഇടക്കാല സര്‍ക്കാരിനെ നയിച്ചേക്കുമെന്നാണ് സൂചന. ഇരുവിഭാഗത്തിനും പൊതുസമ്മതനായ വ്യക്തിയാണ് ജലീലി.
സമാധാനപരമായ അധികാരക്കൈമാറ്റം നടക്കുമെന്ന് താല്‍ക്കാലിക ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വാല്‍ പറഞ്ഞു. കാബൂള്‍ നഗരം കൂടി താലിബാന്‍ പിടിച്ചതോടെ മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി രാജ്യം വിട്ടു. അമേരിക്കന്‍ സൈന്യം രാജ്യം വിട്ടതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. മാത്രമല്ല, അദ്ദേഹത്തിന് ഉദ്യോഗസ്ഥ തലത്തിലും കാര്യമായ പിന്തുണ കുറഞ്ഞുവെന്നും വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തിലാണ് ജലാലിയെ പ്രസിഡന്റാക്കാന്‍ ആലോചിക്കുന്നത്.
ജലാലിയുടെ കാര്യത്തില്‍ താലിബാന്‍ പൂര്‍ണ്ണ സമ്മതം മൂളിയിട്ടില്ല. എങ്കിലും താലിബാന് കൂടി സമ്മതമുള്ള ഒരു പൊതുനേതാവ് എന്ന നിലയില്‍ ഇതുവരെ ജലാലിക്ക് തന്നെയാണ് മുന്‍തൂക്കം.
അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയിലാണ് ജലാലി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം കാബൂളിലേക്ക് തിരിച്ചു. താലിബാന് അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം ലഭിച്ചു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ജലാലി കാബൂളിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് അഫ്ഗാനിലെ മൂന്നില്‍ രണ്ട് പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കിയത്.
















