കാബൂള്‍: താലിബാന്‍ സേന കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ പ്രതികരണവുമായി നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. അഫ്ഗാനിലെ സ്ത്രീകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്ന് മലാല യൂസഫ്‌സായി പറഞ്ഞു.
”താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കുന്നത് ഞെട്ടലോടെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചോര്‍ത്ത് അഗാധമായ ആശങ്കയുണ്ട്. വെടിനിര്‍ത്തലിന് ആഗോള സമൂഹം രംഗത്തുവരണം. അഭയാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കും ഉടന്‍ സഹായം ലഭ്യമാക്കണം”- മലാല പറഞ്ഞു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയതിനാണ് പാകിസ്ഥാനില്‍ മലാല താലിബാന്‍ ഭീകരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. തലക്ക് വെടിയേറ്റ മലാല ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
















