ന്യൂയോര്‍ക്ക്: അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി. റഷ്യയാണ് അടിയന്തര യോഗത്തിന് മുന്‍കൈ എടുത്തത്. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന എന്നിവയാണ് സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങള്‍.
രാജ്യം താലിബാന് കീഴടങ്ങുന്നതിനോട് മുന്നോടിയായി അധികാര കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി താലിബാന്‍ പ്രതിനിധികള്‍ പ്രസിഡന്റിന്റെ വസതിയിലെത്തി. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി ഉടന്‍ രാജിവയ്ക്കും. അലി അഹമ്മദ് ജലാലി ഇടക്കാല പ്രസിഡന്റാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കാബൂളിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും താലിബാന്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കാബൂള്‍ വിമാനത്താവളം വഴി ജനങ്ങള്‍ പലായനം ചെയ്യുകയാണ്. അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. കാബൂളില്‍ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിര്‍ദേശിച്ചതായും താലിബാന്‍ നേതാവ് അറിയിച്ചു. പലയിടങ്ങളിലും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.
അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാൻ സൈന്യം പിന്മാറിയതോടെയാണ് മസാരേ ശരീഫ് , ജലാലാബാദ് നഗരങ്ങൾ അതിവേഗം കീഴടക്കാൻ താലിബാന് കഴിഞ്ഞത്. അഫ്ഗാൻ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്.
രണ്ട് ദിവസം മുന്‍പാണ് താലിബാന്‍ കാണ്ഡഹാര്‍ പിടിച്ചെടുത്തത്. താലിബാന്‍ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാര്‍. അഫ്ഗാനിലെ ഹെറത്, ഗസ്നി പ്രദേശങ്ങള്‍ നേരത്തെ താലിബാന്‍ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12 എണ്ണവും താലിബാന്റെ കൈയിലായി.
















