കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ എത്തിയതായി അഫ്ഗാന്‍ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. നാല് ഭാഗത്തുനിന്നും ഒരേസമയം കാബൂളിലേക്ക് പ്രവേശിക്കാനാണ് താലിബാന്‍ ഒരുങ്ങുന്നത്. അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. കാബൂളില്‍ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിര്‍ദേശിച്ചതായും താലിബാന്‍ നേതാവ് അറിയിച്ചു.
അതേസമയം, ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാന്‍, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. രണ്ട് ദിവസം മുന്‍പാണ് താലിബാന്‍ കാണ്ഡഹാര്‍ പിടിച്ചെടുത്തത്. താലിബാന്‍ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാര്‍. അഫ്ഗാനിലെ ഹെറത്, ഗസ്‌നി പ്രദേശങ്ങള്‍ നേരത്തെ താലിബാന്‍ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12 എണ്ണവും താലിബാന്റെ കൈയിലായി.
















