ന്യൂഡല്‍ഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. സമര സേനാനികളെ സല്യൂട്ട് ചെയ്യുന്നുവെന്ന് ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചുകൊണ്ട് രാഷ്‌ട്രപതി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ വഴിക്കാട്ടിയായത് മഹാത്മാഗാന്ധിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച രാഷ്ട്രപതി, മഹാത്മാ ഗാന്ധിയുടെ സംഭാവനകളെ ഓർത്തെടുക്കുകയും ചെയ്തു. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പോരാളികളായ തലമുറകളുടെ പോരാട്ടത്തിലൂടെയാണ് സ്വാതന്ത്ര്യമെന്ന നമ്മളുടെ സ്വപ്നം യഥാര്‍ഥ്യമായത്. മഹാത്മഗാന്ധിയടക്കമുള്ള ദേശത്തിന്റെ നായകര്‍ കോളനി ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുകയും രാജ്യത്തെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. ധീരരായ രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
‘വിദേശത്തും രാജ്യത്തുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് ആനന്ദവേളയാണ്. സ്വാതന്ത്ര്യത്തിന്റെ ഈ 75-ാം വാര്‍ഷിക വേളയില്‍ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുകയാണ്. ഈ അസുലഭ മുഹൂര്‍ത്തത്തില്‍ എന്റെ ഹൃദയം നിറഞ്ഞ് അഭിനന്ദനങ്ങള്‍’, രാഷ്ട്രപതി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ സഹായിച്ചത് മുന്നണിപോരാളികള്‍ മൂലമാണ്. കോവിഡിന്റെ അടിയന്തര സാഹചര്യത്തില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കി സഹായിച്ച ലോകനേതാക്കള്‍ക്ക് രാഷ്ട്രപതി തന്റെ സന്ദേശത്തില്‍ നന്ദി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം എല്ലാവരും വാക്സിനെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മരിച്ച എല്ലാപോരാളികളുടെയും ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 50 കോടി ജനങ്ങൾക്ക് വാക്സിൻ നൽകി. അതിനാൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാനായി. കോവിഡ് കാലത്ത് കൂട്ടായ പ്രയത്‌നത്തിന് എല്ലവരും തയാറാകണം. കോവിഡ് പ്രോട്ടോക്കോൾ എല്ലാവരും കർശനമായി പാലിക്കണമെന്നും രാഷ്‌ട്രപതി നിർദേശിച്ചു. രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമായവർക്ക് അദ്ദേഹം ആദരാഞ്ജലികളും അർപ്പിച്ചു.
കോവിഡ് സാമ്പത്തികമേഖലയെ ബാധിച്ചുവെന്നും എന്നാൽ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭരണനേതൃത്വം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോയത്. ഏറ്റവും ഉയർന്ന സമ്പദ്‌വ്യവസ്ഥയുള്ളവർക്കു പോലും രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടാനായില്ല. 75 വർഷം മുൻപ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുമോ എന്ന് പലരും സംശയിച്ചു. എന്നാൽ കാലങ്ങളായി ഇന്ത്യ ജനാധിപത്യത്തിന്റെ വിളനിലമായി തുടരുകയാണ്, അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ കളിക്കാർ രാജ്യത്തിന് അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടയിൽ, കായികരംഗത്ത് സ്ത്രീകളുടെ പങ്കിനെക്കുറിച്ചും രാഷ്ട്രപതി സംസാരിച്ചു. കായികമേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം കൂടി വരുന്നതായും അദ്ദേഹം നിരീക്ഷിച്ചു.
ഒരുപാട് കഷ്ടതകൾ മറികടന്നാണ് നമ്മുടെ പെണ്‍കുട്ടികൾ ലോകോത്തര നിലവാരത്തിലുള്ള നേട്ടങ്ങൾ കൈവരിച്ചത്. എല്ലാ മാതാപിതാക്കളും അവരുടെ പെൺമക്കളെ ഇത്തരത്തിൽ വളർത്തിക്കൊണ്ടുവരണമെന്നും രാഷ്ട്രപതി പറഞ്ഞു.
















