അമരാവതി: ആന്ധ്രാപ്രദേശിലെ വ്യാജ ചലാൻ അഴിമതി അന്വേഷണത്തില്‍ 5 കോടിയിലധികം വരുമാന നഷ്ടമെന്ന് കണ്ടെത്തല്‍. രജിസ്ട്രേഷൻ വകുപ്പിൽ വ്യാജ ചലാൻ നിര്‍മിച്ച് ഖജനാവിന് വരുമാന നഷ്ടമുണ്ടാക്കിയ പ്രതികളിൽ നിന്ന് പണം ഈടാക്കാൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പല ജില്ലകളിലെയും വ്യാജ ചലാനുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്ന് വരുമാനത്തിന്റെ ഓഡിറ്റ് നടത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അതേസമയം, പുതിയ സോഫ്‌റ്റ്‌വെയർ രൂപകൽപ്പന ചെയ്ത് നിലവിലുള്ള സോഫ്‌റ്റ്‌വെയറിലെ പഴുതുകൾ അടയ്ക്കുന്നതിനുള്ള നടപടികൾ സ്റ്റാമ്പ്സ് ആന്‍ഡ് രജിസ്ട്രേഷൻ വകുപ്പ് ആരംഭിച്ചു. അധിക സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ പതിപ്പ് നിര്‍മ്മിക്കുന്നത്. ഇതില്‍ സബ് രജിസ്ട്രാർമാർക്ക് CFMS പോർട്ടലിൽ പേയ്‌മെന്റുകൾ പരിശോധിക്കാൻ കഴിയും. നിലവിൽ, സബ് രജിസ്ട്രാർമാർ സ്റ്റാമ്പ് വെന്‍റെർമാർ വഴി അസറ്റ് വാങ്ങുന്നവർ നിർമ്മിക്കുന്ന ഫിസിക്കൽ ചലാനുകളെയാണ് ആശ്രയിക്കുന്നത്.
സ്റ്റാമ്പ്സ് ആന്‍ഡ് രജിസ്ട്രേഷൻ വകുപ്പ് ഉപയോഗിക്കുന്ന നിലവിലുള്ള സോഫ്റ്റ്വെയർ വഴി കൃഷ്ണ, ഈസ്റ്റ് ഗോദാവരി, ഗുണ്ടൂർ ജില്ലകളിലെ സ്റ്റാമ്പ് വെന്‍റെർമാര്‍ വൻ ക്രമക്കേടുകളാണ് നടത്തിയത്. ചില സ്റ്റാമ്പ് വെന്‍റെർമാർ ബാങ്കുകളിൽ കുറഞ്ഞ തുകകൾ അയക്കുകയും, സബ് രജിസ്ട്രാർ ഓഫീസുകളിൽ മോർഫ് ചെയ്ത ചലാൻ നിർമ്മിക്കുകയും ചെയ്തു. ചില സബ് രജിസ്ട്രാർമാർ വെന്‍റെർമാരിൽ നിന്ന് കൈക്കൂലി വാങ്ങുകയും രജിസ്ട്രേഷനുകൾ അംഗീകരിക്കുന്നതിന് മുമ്പ് രേഖകൾ പരിശോധിക്കാതിരിക്കുകയും ചെയ്തതായി ആരോപണമുണ്ട്.
സംസ്ഥാനത്തെ 10 ഓഫീസുകളിൽ 5.25 കോടി രൂപയുടെ വരുമാനനഷ്ടമുള്ള ക്രമക്കേട് കണ്ടെത്തിയതായി സ്റ്റാമ്പ്സ് ആന്‍ഡ് രജിസ്ട്രേഷൻ ഐ.ജി പറഞ്ഞു. തുക വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ആറ് സബ് രജിസ്ട്രാർമാരെ സസ്പെന്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
















