തിരുവനന്തപുരം: അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് മൂന്ന് വാക്കീടോക്കികള്‍ പിടിച്ചെടുത്തു. മൊബൈല്‍ ഫോണ്‍ വഴിയുള്ള ആശയവിനിമയം ഒഴിവാക്കി തെളിവുകള്‍ നശിപ്പിക്കാനും കൈക്കൂലി പിരിക്കാനും വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ വാക്കീടോക്കി ഉപയോഗിച്ചിരുന്നതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇന്നലെ രാവിലെ ആറുമുതല്‍ ‘ഓപ്പറേഷന്‍ ബ്രഷ്ട് നിര്‍മൂലന്‍’ എന്ന പേരിലായിരുന്നു പരിശോധന.
ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നടന്ന പരിശോധയില്‍ ഓഫിസിലെ മേശ വലിപ്പില്‍നിന്നും മരച്ചുവട്ടില്‍ നിന്നും പണം കണ്ടെത്തി. കൂടാതെ ചെക്ക് പോസ്റ്റില്‍ സംശയാസ്പദമായി കാണപ്പെട്ട പരിസരവാസിയില്‍ നിന്ന് 500 രൂപയുടെ 100 നോട്ടുകളും വിജിലന്‍സ് പിടിച്ചെടുത്തു. അമിതഭാരം കയറ്റി ആര്യങ്കാവ് ചെക്ക് പോസ്റ്റ് കടന്നെത്തിയ മൂന്ന് വാഹനങ്ങള്‍ തെന്മല വച്ച് വിജിലന്‍സ് പിടികൂടി 37,750 രൂപ പിഴ ഈടാക്കി.
പാറശാല ചെക്കുപോസ്റ്റ് വഴി അമിതഭാരം കയറ്റിവന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് 1.5ലക്ഷം രൂപ പിഴ ഈടാക്കി. ഓഴലപ്പഴി, ആനക്കട്ടി, കൂട്ടുപുഴ, ആറ്റുപുറം ചെക്ക് പോസ്റ്റുകളിലും അമിതഭാരം കയറ്റിയ വാഹനങ്ങളെയും മറ്റും പരിശോധന കൂടാതെ കയറ്റി വിടുന്നത് കണ്ടെത്തി. കുമളി, ഗോപാലപുരം, മീനാക്ഷിപുരം കൂട്ടുപുഴ, പെരള, തലപ്പാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തി.
ആറ്റുപുറം ചെക്ക് പോസ്റ്റില്‍ ആറ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നുവെങ്കിലും പരിശോധന സമയത്ത് ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (എം.വി.ഐ) മാത്രമേ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. മീനാക്ഷിപുരം, നടുപ്പുനി, പാറശാല ചെക്ക് പോസ്റ്റുകളിലും പരിശോധനാ സമയത്ത് എം.വി.ഐ ഉണ്ടായിരുന്നില്ല.
നടുപ്പുനി, വേലന്താവളം ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി കയറുമ്പോള്‍ കൈവശം ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക ക്യാഷ് ഡിക്ലറേഷന്‍ ഫോമില്‍ രേഖപ്പെടുത്തിയിരുന്നതായും വിജിലന്‍സ് കണ്ടെത്തി. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.

















