കോഴിക്കോട്: മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കൾ എംഎസ്എഫ് നേതാക്കൾക്കെതിരെ നൽകിയ പരാതിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. എംഎസ്എഫ് നേതാക്കളായ പികെ നവാസ്, അബ്‌ദുൽ വഹാബ് എന്നിവർക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയത് അച്ചടക്ക ലംഘനമെന്ന് പിഎംഎ സലാം പറഞ്ഞു. വിഷയം പാർട്ടിയുടെ പരിഗണനയിലിരിക്കെ പുറത്ത് കൊണ്ടുപോകുന്നത് അച്ചടക്കലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്ക് ലഭിച്ച പരാതിയിൽ തുടർ നടപടികൾ പരിഗണനയിൽ ഇരിക്കുകയായിരുന്നുവെന്നും, വിഷയത്തിൽ ഇരുസംഘടനാ ഭാരവാഹികളുമായി പല തവണ ചർച്ചകൾ നടത്തിയതാണെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ഹരിത നേതാക്കളുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. മോശം പദപ്രയോഗങ്ങൾ നടത്തിയതിനെതിരെ നപടി വേണമെന്ന് പരാതിയിൽ ഹരിത ഭാരവാഹികൾ ആവശ്യപ്പെടുന്നു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റാണ് ആരോപിതനായ പികെ നവാസ്. അബ്‌ദുൽ വഹാബ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമാണ്

















