തിരുവനന്തപുരം നഗരത്തിൽ വൻ സംഘർഷം. യൂണിവേഴ്സിറ്റി കോളജിന് മുമ്പിലും പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് സമീപത്തുമാണ് സംഘർഷം. യൂത്ത് കോൺഗ്രസ് -എസ്.എഫ്.ഐ പ്രവർത്തകരാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. സംഘർഷം തടയാൻ ശ്രമിച്ച പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ പൊലീസ് പ്രവേശിച്ചു. സംഘർഷം നിയന്ത്രിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ട്. സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകനും പൊലീസിനും പരിക്കേറ്റതായാണ് വിവരം.
മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവി. ഇതിനുപിന്നാലെ ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസുകാർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞു. എസ്.എഫ്.ഐ.യും യൂത്ത് കോൺഗ്രസും ആക്രമണ പ്രത്യാക്രമണവുമായി മുന്നോട്ടുപോയതോടെ സംഘർഷം രൂക്ഷമായി. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു. ഇത് പലയിടങ്ങളിലെയും ഫ്‌ളക്‌സ് വലിച്ചുകീറുന്നതിലേക്കും കൈയാങ്കളിയിലേക്കും നയിച്ചു. പൊലീസ് ഇടപെട്ടിട്ടും സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം, പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഹോസ്റ്റലിലെ വിദ്യാർഥികൾ പറഞ്ഞു. കറന്‍റ് പോയ സമയത്ത് ഹോസ്റ്റലിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും, മാർച്ച് കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസുകാർ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയുമായിരുന്നുവെന്നും വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റൽ വളപ്പിൽ യൂത്ത് കോൺഗ്രസുകാർ എറിഞ്ഞ പന്തങ്ങൾ വിദ്യാർഥികൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. തീയണക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വിദ്യാർഥികൾ റോഡ് തടയുകയും ഫയർഫോഴ്‌സിനെ തടയുകയും ചെയ്തു. തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുകയാണ്. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്.















