തിരുവനന്തപുരം: വഴിയോര കച്ചവടം നടത്തിയിരുന്ന തൊഴിലാളിയുടെ മത്സ്യം നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്യുന്നതിന് പകരം നശിപ്പിച്ചത് ചട്ടവിരുദ്ധമാണ്. വഴിയോര കച്ചവട സംരക്ഷണ നിയമം അനുസരിച്ച് വിഷയം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യ തൊഴിലാളി അൽഫോൺസയുടെ വീട് നാളെ മന്ത്രി സന്ദർശിക്കും.
സംസ്ഥാനത്ത് നിലനിൽക്കുന്ന വഴിയോര കച്ചവട ഉപജീവന സംരക്ഷണ ചട്ടമനുസരിച്ച് മുൻസിപ്പാലിറ്റി തൊഴിലാളികളുടെ സർവ്വേ നടത്തി തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണം. നഗരത്തിൽ കച്ചവടം ചെയ്യാൻ കഴിയുന്ന മേഖലകളും, അനുവദിക്കാൻ കഴിയാത്ത മേഖലകളും വേർതിരിച്ച് വിജ്ഞാപനം ചെയ്യണം. ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നിയമപ്രകാരമുള്ള നോട്ടീസ് നൽകിയാണോ ഒഴിപ്പിക്കൽ നടത്തിയതെന്ന് സർക്കാർ പരിശോധിക്കും. ചട്ടവിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ആറ്റിങ്ങൽ അവനവഞ്ചേരിയിലായിരുന്നു സംഭവം. നഗരസഭാ പരിധിയിൽ വഴിയോര കച്ചവടങ്ങൾ കോവിഡ് പ്രതിസന്ധി മൂലം നിരോധിച്ചുവെന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാർ അൽഫോൻസയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.
സംഭവം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും കച്ചവടക്കാരെയും നഗരസഭാ ജീവനക്കാർ കയ്യേറ്റം ചെയ്തിരുന്നു. അൽഫോൻസ വർഷങ്ങളായി ഈ പ്രദേശത്ത് മത്സ്യ വിൽപ്പന നടത്തി വരുകയാണ്.

















