മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരായി സിസ്റ്റര്‍ ലൂസി നല്‍കിയ ഹരജിയില്‍ അന്തിമവിധി വരുന്നത് വരെ മഠത്തില്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. വിധിയില്‍ സന്തോഷമുണ്ടെന്നും നീതിയുടെ വിജയമാണ് ഉണ്ടായതെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.
സിസ്റ്റര്‍ ലൂസിയെ എഫ്.സി.സി സന്യാസിനി സമുഹത്തില്‍ നിന്ന് പുറത്താക്കിയ അധികൃതരുടെ തീരുമാനം വത്തിക്കാന്‍ ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മഠത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.സി.സി നേതൃത്വം കോടതിയെ സമീപിച്ചത്.
സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ ഹൈക്കോടതി ഇക്കാര്യത്തില്‍ മുന്‍സിഫ് കോടതിയുടെ തീരുമാനത്തിന് വിട്ടിരുന്നു. മഠത്തില്‍ പോലീസ് സംരക്ഷണം വേണമെന്ന ലൂസിയുടെ ആവശ്യം തള്ളുകയും ചെയ്തിരുന്നു.
സഭാ നടപടിക്കെതിരേ നല്‍കിയ മൂന്ന് അപ്പീലുകളും തള്ളി ലൂസിയെ സന്ന്യാസ സഭയില്‍ നിന്ന് പുറത്താക്കിയതായി വത്തിക്കാന്റെ അന്തിമ അറിയിപ്പ് വന്നിരുന്നു. ഇതിനുശേഷമാണ് ലൂസിക്ക് മഠത്തില്‍ നിന്ന് പുറത്തുപോകേണ്ട സാഹചര്യമുണ്ടായത്. സഭാചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയത്.

















