തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ കടുത്ത ആരോപണങ്ങളുമായി കെടി ജലില്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷപമുണ്ടെന്ന് ജലീല്‍ ആരോപിച്ചു. മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതെന്നും ജലീല്‍ വെളിപ്പെടുത്തി. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചു.
മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ അഴിമതി പണമാണിത്. ആകെ 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എആര്‍ നഗര്‍ ബാങ്കിലുണ്ടെന്നാണ് നിഗമനം. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഈ കള്ളപ്പണ നിക്ഷേപമാണെന്നും ജലീല്‍ ആരോപിച്ചു.
അതിനിടെ വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ തിരിമറികള്‍ പുറത്തുവന്നിരുന്നു. ഇടപാടുകാരറിയാതെ അവരുടെ അക്കൌണ്ടുകള്‍ വഴി നടത്തിയത് ലക്ഷങ്ങളുടെ പണമിടപാടാണെന്നാണ് കണ്ടെത്തല്‍. കണ്ണമംഗലം സ്വദേശിയായ അംഗണവാടി ടീച്ചറുടെ അക്കൌണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്.
അംഗണവാടിയുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപെട്ട 25000 രൂപയുടെ ഇടപാട് നടത്തിയത് ഒഴിച്ചാല്‍ മറ്റ് പണമിടപാടുകള്‍ ഈ അക്കൌണ്ട് വഴി നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ആദയനികുതി വകുപ്പിന്‍റെ നോട്ടീസ് കിട്ടിയപ്പോഴാണ് തന്‍റെ അക്കൌണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്ന് ടീച്ചര്‍ അറിഞ്ഞത്.

















