ബെയ്ജിംഗ്: ഡെൽറ്റ വ്യാപനം വർദ്ധിച്ചതോടെ കടുത്ത നടപടികളുമായി ചൈനീസ് സർക്കാർ.ഒരു ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചൈനയിലെ നിൻബോ-ചൗഷാൻ തുറമുഖം അടച്ചുപൂട്ടി. ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ തുറമുഖമാണിത്. ഒരു കോടി കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള മെയ്ഷാൻ ടെർമിനലിലെ ജീവനക്കാരന് ബുധനാഴ്ചയാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് തുറമു ഖത്തെ 2,000 ജീവനക്കാരെ പുറത്തുപോകാൻ അനുവദിക്കാതെ നിരീക്ഷിച്ചുവരുന്നു.
അതേസമയം കോവിഡ്-19 വ്യാപനം തടയാൻ ചൈനീസ് തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ പുതിയ നിയന്ത്രണങ്ങൾ. ഉയർന്ന നിരക്കിൽ രോഗബാധയുള്ള നഗരങ്ങളിൽ നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്ര വിലക്കിയിട്ടുണ്ട്.കോവിഡ് തീവ്രതയനുസരിച്ച് ചൈനീസ് നഗരങ്ങളെ വിവിധ മേഖലകളാക്കി തരംതിരിച്ചിട്ടുണ്ട്. ചൈനയിലെ 15 പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലുമായി 500 ലേറെ പേർക്കാണ് കോവിഡിന്റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.
















