കൊച്ചി : നടിയെ ആക്രമിച്ച കേസിൽ താരം കാവ്യാമാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. തുടർച്ചയായ മൂന്നാം ദിവസമാണ് കാവ്യയെ വിസ്തരിക്കുന്നത്. കേസിൽ കൂറുമാറി പ്രതിഭാഗം ചേർന്നതോടെയാണ് കാവ്യയെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം ചെയ്യുന്നത്.350 ഓളം സാക്ഷികളുള്ള കേസിൽ ഇതുവരെ 176 പേരെ വിസ്തരിച്ചു.
സിനിമ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പിനിടെ നടിയും കേസിൽ പ്രതിയായ നടൻ ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ സംഭവ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി. ഇതേ തുടർന്നാണ് കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്താരം ആരംഭിച്ചത്.
ആറുമാസത്തിനകം കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന് കാണിച്ച് ആറുമാസം കൂടി സമയം നീട്ടി നൽകാൻ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

















