തിരുവനന്തപുരം: മൂലമറ്റത്ത ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം 9 മണിയോടെ പൂർണ്ണമായും പിൻവലിച്ചതെന്ന് കെഎസ് ഇബി അറിയിച്ചു. രാത്രി 9 മണിയോടെയാണ് വൈദ്യുതി നിയന്ത്രണം പിൻവലിച്ചത്.
ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായത്. സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തിൽ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നേരത്തെ കെഎസ്ഇബി അറിയിച്ചിരുന്നു. രാത്രി 7.30 മുതൽക്കാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും 9 മണിയോടെ ഇത് പിൻവലിക്കുകയായിരുന്നു.

















