തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം.
പുതുക്കിയ സമയം ബെവ് കോ, കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകൾക്ക് ബാധകമായിരിക്കും. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്.
സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ ഔട്ട്ലെറ്റുകൾ അടച്ചിടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. കോടതി നിരീക്ഷണം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ ബെവ്‌കോ പുതിയ മാർഗനിർദേശവും പുറത്തിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്‍റെ രേഖയോ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമേ ഇനി മുതൽ മദ്യം വാങ്ങാനാകൂ. ഇന്നലെ മുതൽ ഈ നിബന്ധന നടപ്പിലായി തുടങ്ങി. എല്ലാ ഔട്ട് ലെറ്റുകൾക്കും മുന്നിലും പുതിയ മാർഗനിർദേശങ്ങൾ സംബന്ധിച്ച് നോട്ടീസ് പതിക്കാനും ബിവറേജ് കോർപറേഷൻ നിർദേശം നൽകി.

















