വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു. സൈനികരടക്കം ഇത് വരെ കാട്ടുതീയിൽപ്പെട്ട് 65 പേർ മരിച്ചു. 14 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൂചനയുണ്ട്. തലസ്ഥാന നഗരമായ അൾജിയേർസിന് 100 കിലോമീറ്റർ കിഴക്കുള്ള കാബൈലിയിലാണ് കാട്ടുതീ പടരുന്നത്. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ലെന്നാണ് വിവരം.
17 ഗ്രാമീണരാണ് കാട്ടു തീയിൽ ഇതുവരെ മരിച്ചത്. കാട്ടുതീയിൽ നിരവധി മൃഗങ്ങളും ചത്തൊടുങ്ങിയെന്നാണ് വിവരം. നൂറോളം ഗ്രാമവാസികളെ രക്ഷപ്പെടുത്തിയ ശേഷം മരണത്തിന് കീഴടങ്ങിയ സൈനികരുടേയും ഗ്രാമവാസികളുടേയും മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി അൾജീരിയൻ പ്രസിഡന്റ് അബ്ദൽമാദിജിദ് ടിബോനി അറിയിച്ചു.
കഴിഞ്ഞയാഴ്ച മുതലാണ് തീ പടർന്ന തുടങ്ങിയത്. അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അതോറിറ്റിയും വാളന്റിയർമാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. രാജ്യത്തെ 14 പ്രവിശ്യകളിലായി 19 സ്ഥലങ്ങളിലാണ് തീ പൊട്ടിപുറപ്പെട്ടത്.30 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടുത്തമാണിത്.
















