ടോക്യോ: ഒളിമ്പിക്‌സില്‍ പുതിയ കായിക ഇനങ്ങള്‍ ചേര്‍ക്കാനും നിലവിലുള്ളവ ഒഴിവാക്കാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി)ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം വന്നു. ഇതോടെ 2024-ല്‍ പാരിസില്‍ നടക്കുന്ന അടുത്ത ഒളിമ്പിക്‌സില്‍ നിന്ന് ഭാരോദ്വഹനം ഒഴിവാക്കാന്‍ സാധ്യതയേറി. ചില മത്സരയിനങ്ങളിൽ ഉത്തേജക മരുന്ന് ഉപയോഗവും സംഘടനകളിൽ അഴിമതിയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഒളിംപിക് കമ്മിറ്റി ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നത്.
വർഷങ്ങളായി അഴിമതി ആരോപണങ്ങൾക്കും ഉത്തേജക വിവാദങ്ങൾക്കും വഴിതുറക്കുന്ന വിഭാഗമാണ് ഭാരോദ്വഹനം. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമുണ്ട്. ബോക്‌സിങ്ങിലും ഇനങ്ങള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്.
രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗമായിരുന്ന ടമാസ് അജാനാണ് കഴിഞ്ഞ വർഷം വരെ രാജ്യാന്തര വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനെ നയിച്ചിരുന്നത്. രണ്ടു പതിറ്റാണ്ടു കാലം ഫെഡറേഷന്റെ തലപ്പത്തിരുന്ന ശേഷമാണ് അദ്ദേഹം വഴിമാറിയതും. ഫെഡറേഷന്റെ തലപ്പത്തെ അഴിമതികളും പ്രശ്‌നങ്ങളും ഒരു ജർമൻ മാധ്യമം പുറത്തുവിട്ടിരുന്നു.
അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ രീതികളോട് ഐഒസിക്ക് കടുത്ത വിയോജിപ്പാണ്. ടോക്യോ ഒളിമ്പിക്‌സിലെ ബോക്‌സിങ് മത്സരങ്ങളുടെ ഉത്തരവാദിത്തതില്‍ നിന്ന് ബോക്‌സിങ് ഫെഡറേഷനെ രണ്ടു വര്‍ഷം മുമ്പ് ഐഒസി ഒഴിവാക്കിയിരുന്നു. അതേസമയം ബ്രേക് ഡാന്‍സിങ് പാരിസില്‍ അരങ്ങേറും. സ്‌കേറ്റ് ബോര്‍ഡിങ്ങും ക്ലൈംബിങ്ങും സര്‍ഫിങ്ങും തുടരുകയും ചെയ്യും.
ടോക്യോ ഒളിംപിക്‌സിലെ ബോക്‌സിങ് മത്സരങ്ങളും നടത്തിപ്പും വിലയിരുത്തിയും പുതിയ പ്രസിഡന്റ് ഉമർ ക്രെംലേവിനു കീഴിൽ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയുമാകും പാരിസ് ഒളിംപിക്‌സിൽ ബോക്‌സിന്റെ ഭാവി ഐഒസി തീരുമാനിക്കുക.