ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമത്. അമേരിക്കയ്ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണ് ലഭിച്ചത്. തൊട്ടുപിന്നിലുള്ള 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളുമായി ചൈനയാണുള്ളത്. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. അതേസമയം, ഇന്ത്യ 48 ാം സ്ഥാനത്താണുള്ളത്. ഒരു സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ നേടിയത്.
അതേസമയം, ഒളിംപിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയില്‍ നിന്ന് മടങ്ങുന്നത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു.
ഒളിംപിക്സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് സ്വര്‍ണം ലഭിക്കുന്നത്. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ എന്നിവരെ പിന്നിലാക്കിയാണ് നീരജിന്റെ നേട്ടം. ഒളിംപിക് ചരിത്രത്തില്‍ അത്ലറ്റിക്സില് നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.
ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുലെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി.അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും നീരജിനെ വെല്ലുന്ന ത്രോ മറ്റാരും പുറത്തെടുത്തില്ല. തന്റെ അഞ്ചാം ശ്രമത്തില്‍ 86.67 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്ക് താരം വാഡ്ലെക്ക് യാക്കൂബ് വെള്ളി നേടിയപ്പോള്‍ മൂന്നാം ശ്രമത്തില്‍ 85.44 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്കിന്റെ തന്നെ വെസ്ലി വിറ്റെസ്ലാവ്വെങ്കലം നേടി.