ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 209 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 303 റണ്‍സ് നേടി. ജോ റൂട്ടിന്‍റെ സെഞ്ച്വറിയുടെ ബലത്തില്‍ ആണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ നേടിയത്. ജോണി ബെയര്‍സ്‌റ്റോ 30ഉം സാം കറന്‍ 32ഉം റണ്‍സ് കണ്ടെത്തി.
ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
റൂട്ടിന്റെ മികവില്‍ 250 കടന്ന് ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് കുത്തിക്കുമെന്ന് കരുതിയെങ്കിലും 274 റണ്‍സില്‍ ഇംഗ്ലണ്ടിന് റൂട്ടിനെ നഷ്ടമായി. പിന്നീട് അവശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യ വേഗത്തില്‍ വീഴ്ത്തുകയായിരുന്നു.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തു. ഇതോടെ രണ്ടിന്നിങ്‌സിലുമായി ബുംറയുടെ പേരില്‍ ഒമ്പത് വിക്കറ്റായി. മുഹമ്മദ് സിറാജും ശര്‍ദ്ദുല്‍ താക്കൂറും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്.
നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 183 റണ്‍സിനെതിരേ ഇന്ത്യ 278 റണ്‍സ് അടിച്ചിരുന്നു. കെഎല്‍ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും ചെറുത്തുനില്‍പ്പാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.