ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ നിന്ന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്‍റെ പേരിലേക്ക് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. അതേസമയം ഭാവിയില്‍ സ്റ്റേഡിയങ്ങളുടെ പേരുകളും കായിക താരങ്ങളുടെ പേരിലാകുമെന്നാണ് പ്രതീക്ഷയെന്ന് ട്വിറ്ററില്‍ കുറിച്ചു.
“ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. കായികതാരത്തിന് അംഗീകാരം ലഭിക്കുന്നു, പുരസ്‌കാരം താരത്തിന്‍റെ പേരില്‍ അറിയപ്പെടുന്നു എന്നതെല്ലാം സ്വാഗതാര്‍ഹമാണ്. കായികരംഗത്ത് നടക്കാനിരിക്കുന്ന നിരവധി നീക്കങ്ങളുടെ തുടക്കമാകും ഇത്”- ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.
Absolutely welcome this move. Sportsman getting recognition and award being named after him or her. Hopefully start of many such things in sports #DhyanChandAward #dhyanchand ji
— Irfan Pathan (@IrfanPathan) August 6, 2021
അഹ്‌മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന്റെ പേര് മാറ്റി ഇതിനു തുടക്കമിടട്ടെയെന്നാണ് ഒരാൾ പഠാന്റെ ട്വീറ്റിനോട് പ്രതികരിച്ചത്. മൊട്ടേര സ്റ്റേഡിയത്തിന്റെ പേര് മാറ്റി ഈ വർഷം ആദ്യത്തിൽ നരേന്ദ്ര മോദി സ്‌റ്റേഡിയം എന്നു പുനർനാമകരണം നടത്തിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പൗരന്മാരുടെ അപേക്ഷ പരിഗണിച്ച് പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നുവെന്നാണ് മോദി ഇന്ന് അറിയിച്ചത്. ജനങ്ങളുടെ വികാരം പരിഗണിച്ചാണ് നടപടിയെന്നും മോദി സൂചിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രശസ്തമായ മിക്ക സ്റ്റേഡിയങ്ങള്‍ക്കും രാഷ്ട്രീയക്കാരുടെ പേരുകളാണ്. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയം, നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയം, ചെന്നൈയിലെ എം.എ ചിദംബരം സ്‌റ്റേഡിയം, ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയം എന്നിവയാണ് അവയില്‍ ചിലത്.
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ ലാല്‍ നെഹ്റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും പേരില്‍ പത്തോളം സ്റ്റേഡിയങ്ങളുണ്ട്. അടുത്തിടെയാണ് ഡല്‍ഹിയിലെ വിഖ്യാതമായ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേര് മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ പേരിലേക്ക് മാറ്റിയത്.