ടോക്കിയോ ഒളിമ്പിക്സിൽ ബുധനാഴ്ച നടന്ന വനിതാ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ബോക്സിംഗ് താരം ലോവ്ലിന ബോർഗോഹെയിന് അഭിനന്ദനവുമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ്.
‘ലോവ്‌ലിന ബോര്‍ഗോഹെയ്‌ന് അഭിനന്ദനങ്ങള്‍. കഠിനാധ്വാനത്തിലൂടെയും ഉറച്ച ലക്ഷ്യബോധത്തിലൂടെയും നിങ്ങള്‍ രാജ്യത്തിന് അഭിമാനമായിരിക്കുകയാണ്. ഒളിമ്പിക്‌സ് ബോക്‌സിങ് വിഭാഗത്തില്‍ നിങ്ങള്‍ നേടിയ വെങ്കല മെഡല്‍ ഇവിടുത്തെ യുവതയെ തീര്‍ച്ചയായും പ്രചോദിപ്പിക്കും. പ്രത്യേകിച്ച് യുവതികളെ. പ്രതിസന്ധികളോട് പടവെട്ടി തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇത് അവര്‍ക്ക് പ്രചോദനമാകുമെന്നും’ രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു.
വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലോവ്‌ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്‌ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു. 5-0ത്തിനാണ് തുര്‍ക്കിതാരം ലോവ്‌ലിനയെ പരാജയപ്പെടുത്തിയത്.