തന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായെന്നും ഇതുവരെ ഓപ്പറേഷൻ ചെയ്ത് മാറ്റിയിട്ടില്ലെന്നും മെഗാ സ്റ്റാര്‍ മമ്മൂട്ടി. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന് ചെയ്താൽ ഇനിയും തന്റെ കാല് ചെറുതാകും. പിന്നേം ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും ഉദ്ഘാടന ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. എമിറേറ്റസ് മേയ്ത്ര ആശുപത്രി ചെയര്മാന് പി.കെ അഹമ്മദ്, ഡയറക്ടര്‍ ഡോ അലി ഫൈസല്‍, ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍ ചെയര്മാന് ഡോ. ജോര്ജ്എബ്രഹാം ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.