ടോക്യോ: ഒളിമ്പിക്‌സ് സെമി ഫൈനലില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് തോല്‍വി. ലോക ചാമ്പ്യന്മാരായ ബെല്‍ജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചു. എന്നാല്‍ മെഡല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ നേരിടും.
മത്സരത്തിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മൂന്ന് ഗോളുകള്‍ പിറന്നു. രണ്ടാം മിനുറ്റില്‍ ഫാനി ലുയ്‌പെര്‍ട്ട് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഇന്ത്യ ശക്തമായി തിരിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്. ഏഴാം മിനുറ്റില്‍ ഹര്‍മന്‍പ്രീതിലൂടെയും എട്ടാം മിനുറ്റില്‍ മന്ദീപിലൂടേയും ഇന്ത്യ ലീഡ് പിടിച്ചു. ടോക്കിയോയില്‍ ഹര്‍മന്‍പ്രീതിന്‍റെ അഞ്ചാം ഗോളായിരുന്നു ഇത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹെന്‍ഡ്രിക്‌സ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. അവസാന ക്വാര്‍ട്ടറില്‍ മൂന്ന് ഗോളുകളുമായി ബെല്‍ജിയം ഇന്ത്യയെ അനായാസം കീഴടക്കുന്ന കാഴ്‌ചയാണ് കണ്ടത്. ഇരട്ട ഗോളുമായി ഹെന്‍ഡ്രിക്‌സ് ബെല്‍ജിയത്തെ 4-2ന് മുന്നിലെത്തിച്ചു. ഇതോടെ ടൂര്‍ണമെന്‍റില്‍ താരത്തിന് 14 ഗോളുകളായി.
1980 ന് ശേഷം ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വിജയപ്രതീക്ഷയും നിലനിര്‍ത്തി. എന്നാല്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ബെല്‍ജിയം മത്സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.