തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടർമാരുടെ 12 മണിക്കൂർ പണിമുടക്ക് സമരം.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാർ സൂചന പണിമുടക്കുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് . ഇന്ന് രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ 12 മണിക്കൂർ കൊവിഡ് ഇതര ഡ്യൂട്ടികളിൽ നിന്ന് വിട്ടു നിൽക്കാനാണ് തീരുമാനം. അത്യാഹിതവിഭാഗത്തിൽ സഹകരിക്കും. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽമാർ എന്നിവരുമായാണ് ഇന്നലെ ചർച്ച നടത്തിയത്.
സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ നിന്ന് കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായതാണ് പ്രധാന വിഷയം.സ്റ്റൈപ്പൻഡ് വർധനവ് നടപ്പാക്കാത്തത്, സീനിയർ റസിഡൻസി സീറ്റുകളുടെ കുറവ് എന്നിവയും സമരത്തിൽ ഉന്നയിക്കുന്നു. തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനാണ് തീരുമാനം.

















