ടോക്യോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ദീപിക കുമാരി പുറത്തായി. ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയുടെ ടോപ് സീഡ് ആൻ സാൻ ആണ് ദീപികയെ തോൽപിച്ചത്. സ്കോർ: 0-6. ഒളിമ്പിക്സ് വനിതകളുടെ അമ്പെയ്ത്തിൽ ഇതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു.
അതേസമയം, വനിത ബോക്സിങ് 69 കിലോ വിഭാഗത്തിൽ (വെൽട്ടെർ വെയ്റ്റ്) ലവ്ലിന ബോർഗോഹെയ്ൻ രാജ്യത്തിന്റെ രണ്ടാം മെഡലുറപ്പിച്ചിരുന്നു. ക്വാർട്ടറിൽ ചൈനീസ് തായ്പേയി താരമായ ചിൻ-ചെൻ നിയനെയാണ് അസം സ്വദേശിനി 4-1ന് തോൽപിച്ചത്. മുൻ ലോക ചാമ്പ്യനെ തോൽപിച്ചാണ് 23കാരിയായ ലവ്ലിൻ രാജ്യത്തിന്റെ അഭിമാനമായത്.
ഇന്ത്യക്ക് ഏറെ പ്രതീക്ഷയുള്ള ഇനമായ ഷൂട്ടിങ്ങിൽ വീണ്ടും നിരാശ മാത്രമായി ഫലം. വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ ഷൂട്ടർമാരായ മനു ഭാകറിനും റാഹി സർനോബാതിനും ഫൈനൽ യോഗ്യത നേടാനായില്ല. ആദ്യ എട്ട് സ്ഥാനക്കാരിൽ ഇടം പിടിക്കാൻ സാധിക്കാത്തതോടെയാണ് പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചത്.