ടോക്യോ: ടോക്യോ ഒളിമ്പിക്സ് പുരുഷ ഫുട്ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാർട്ടറിൽ പ്രവേശിച്ചത്.
എവര്ട്ടന് സ്ട്രൈക്കര്‍ റിച്ചാര്‍ലിസന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ഇന്ന് കരുത്തായത്. 76ആം മിനിറ്റിലും 91ആം മിനിറ്റിലും ആയിരുന്നു റിച്ചാര്‍ലിസന്റെ ഗോളുകള്‍. താരം ഇന്നത്തെ രണ്ടു ഗോളുകള്‍ ഉള്‍പ്പെടെ ആകെ അഞ്ചു ഗോളുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നേടി.
ബ്രസീലിന്റെ താരമായ കുൻഹയിലൂടെയാണ് ബ്രസീലിന് ആദ്യ ലീഡ് ലഭിച്ചത് .എന്നാൽ കളിയുടെ 27 ആം മിനിറ്റിൽ സൗദിയുടെ താരമായ അല്‍ അംറിയിലൂടെ തിരിച്ചടി നൽകി.തുടർന്ന് രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ബാക്കി രണ്ടു ഗോളുകള്‍ വന്നത്. മൂന്ന് മത്സരങ്ങളില്‍ 7 പോയിന്റുമായാണ് ബ്രസീല്‍ ഒന്നാമത് എത്തിയത്. അഞ്ചു പോയിന്റുമായി ഐവറി കോസ്റ്റ ഗ്രൂപ്പില്‍ രണ്ടാമതുമുണ്ട്.
അതേസമയം, അര്‍ജന്റീന ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ സ്പെയ്നിനോട് സമനില വഴങ്ങിയതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. 66-ാം മിനിറ്റില്‍ മെറീനോ സ്പെയ്നിനായി ലക്ഷ്യം കണ്ടപ്പോള്‍ 87-ാം മിനിറ്റില്‍ ബെല്‍മോന്റെ അര്‍ജന്റീനയുടെ സമനില ഗോള്‍ നേടി.
എന്നാല്‍ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറിലെത്താന്‍ ഈ സമനില മതിയാകുമായിരുന്നില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് രണ്ടു ഗോളിന് തോറ്റ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ഈജിപ്തിനെതിരേ വിജയം കണ്ടിരുന്നു.
മൂന്നു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള അര്‍ജന്റീന ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ഈജിപ്തിനും ഇതേ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ അര്‍ജന്റീനയെ മറികടക്കുകയായിരുന്നു. അഞ്ച് പോയിന്റുമായി ഒന്നാമതെത്തിയ സ്പെയിനും ഈജിപ്തുമാണ് ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് കടന്നത്.
ഗ്രൂപ്പ് എയില്‍ നിന്ന് ജപ്പാനും മെക്സിക്കോയും മുന്നേറിയപ്പോള്‍ ബിയില്‍ നിന്ന് സൗത്ത് കൊറിയയും ന്യൂസീലന്റും യോഗ്യത നേടി. ഗ്രൂപ്പ് ഡിയില്‍ ബ്രസീലും ഐവറി കോസ്റ്റുമാണ് അടുത്ത റൗണ്ടിലെത്തിയത്.